10:55pm 10 May 2026
NEWS
പഹൽഗാമിലും ശിന്ദെയുടെ കയ്യൊപ്പ്; പഹൽഗാമിലെ കുതിരക്കാരനും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ശിന്ദെയും തമ്മിലെന്ത് ?
10/05/2026  08:17 PM IST
പെരുമൺ ഗോപാലകൃഷ്ണൻ, മുംബയ്
പഹൽഗാമിലും ശിന്ദെയുടെ കയ്യൊപ്പ്; പഹൽഗാമിലെ കുതിരക്കാരനും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ശിന്ദെയും തമ്മിലെന്ത് ?

'ഉദ്ധവ് താക്കറെയെക്കാൾ മെച്ചപ്പെട്ട മുഖ്യമന്ത്രിയായിരുന്നു ഏക്‌നാഥ് ശിന്ദേ ...' 
മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ കാരണവരും, തനിക്ക് തോന്നുന്ന ശരികൾ തുറന്നു പറയുന്നതിനാൽ ഏറെ തെറ്റിദ്ധരിക്കപ്പെടുകയും ചെയ്ത നേതാവ് സാക്ഷാൽ ശരദ് പവാർ ചില മാസങ്ങൾക്ക് മുൻപ് പറഞ്ഞ ഡയലോഗണിത്.
പിളരാത്ത എൻസിപിയുടെ തലവൻ ആയിരുന്ന പവാർ മുൻകൈ എടുത്തു രൂപീകരിച്ച ശിവസേന-കോൺഗ്രസ്-എൻസിപി കൂട്ടുകെട്ടിൽ പിറന്ന മഹാവികാസ് അഘാഡി (എംവിഎ) സർക്കാരിന്റെ മുഖ്യമന്ത്രിയായി ഉദ്ധവിനെ നിയോഗിച്ചതും പവാറിന്റെ ശ്രമഫലം കൊണ്ടായിരുന്നുവെന്ന് അറിയാത്തവരില്ല.

ആ സർക്കാരിനെ തറപറ്റിച്ച് മുഖ്യമന്ത്രിയായ ആളാണ് ശിന്ദേ. ശിവസേനയെ പിളർത്തി, എംവിഎയെ വീഴ്ത്തി, ബിജെപി-ശിവസേന സഖ്യം രൂപീകരിച്ച് മുഖ്യമന്ത്രിയായ   ശിന്ദെയെ പവാർ പ്രശംസിക്കുമ്പോൾ ആരായാലും അമ്പരന്നുപോകും.   
ഒരു രാഷ്ട്രീയ പാർട്ടിയെ വളർത്താനും തളർത്താനും മിടുക്കുള്ള ശിന്ദെ വാക്കു പാലിക്കുന്നതിലും സഹായിച്ചവരെ ഓർത്തിരിക്കുന്നതിലും ആർജവം പുലർത്തുന്ന ചുരുക്കം ചില നേതാക്കളിൽ ഒരാളാണ്.  

മലയാളികളുടെ താവളമായ താനെ വാഗ്ലെ എസ്റ്റേറ്റിലെ കിസൻ നഗർ നിവാസിയായിരുന്ന ശിന്ദെ, മുഖ്യമന്ത്രി ആയ ശേഷം പോലും മലയാളികളുടെ പൊതുപരിപാടികളിലെ സജീവ സാന്നിധ്യമായിരുന്നു. അതിനാൽ തന്നെ ധാരാളം മലയാളികളുടെ വോട്ട് ശിന്ദെ പാർട്ടിയുടെ പെട്ടിയിൽ വീണിട്ടുമുണ്ട്.
2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ പരാജയം ഏറ്റവാങ്ങിയ ബിജെപി-ശിവസേന-അജിത് എൻസിപി സർക്കാരിനെ 'ലാഡ്കി ബഹീൺ യോജന'യിലൂടെ കരകയറ്റിയ വിദ്യയെപ്പറ്റി കഴിഞ്ഞ ലക്കം 'കേരളശബ്ദ'ത്തിൽ എഴുതിയത് ഓർക്കുമല്ലോ. മാസം 1500 രൂപ വീതം പാവപ്പെട്ടവരായ സ്ത്രീകൾക്ക് അലവൻസ് നൽകുന്ന  പദ്ധതിയാണിത്.

പഹൽഗാമിലും ശിന്ദെയുടെ കൈയൊപ്പ്

ഭൂമിയിലെ പറുദീസയായ ജമ്മു-കശ്മിരിലെ പഹൽഗാമിൽ 26 പേരാണ് കഴിഞ്ഞ വർഷത്തെ  തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് നമുക്കൊക്കെ അറിയാം. ഇതു മൂഴുവൻ ഹിന്ദുക്കൾ ആണെന്നാണ് ഭൂരിപക്ഷം പേരും ഇന്നും കരുതുന്നത്. എന്നാൽ,  24 പേർ ഹിന്ദുക്കളും ഒരാൾ ക്രിസ്ത്യാനിയും ഒരാൾ മുസ്ലിമും ആയിരുന്നുവെന്നാണ് സ്ഥിരീകരിച്ച വിവരം.

കുടുംബമായെത്തുന്ന ടൂറിസ്റ്റുകളിൽ നിന്നു പുരുഷന്മാരെ മാറ്റി നിർത്തി മതമേതെന്ന് അന്വേഷിച്ചും 'കൽമ' ഉരുവിടാൻ ആവശ്യപ്പെട്ടുമാണ് മുസ്ലിം അല്ലാത്തവരെ മനസ്സിലാക്കിയത്. ചിലരുടെ സുന്നത്ത് പരിശോധിച്ചതായും പറയപ്പെടുന്നുണ്ട്, പരാജയപ്പെടുന്നവരെ  തൊട്ടുമുന്നിൽ നിന്നു നേരെ ശിരസ്സിൽ വെടിവയ്ക്കുകയായിരുന്നു ഈ നരാധമൻമാരുടെ രീതി. എന്നിട്ടും ഒരു മുസൽമാൻ എങ്ങനെ വന്നുവെന്നറിയുന്നത് കൗതുകമാണ്. 
മരംകോച്ചുന്ന തണുപ്പുള്ള ഹിൽസ്റ്റേഷനായ പഹൽഗാമിലേയ്ക്ക് സന്ദർശകരെ കുതിരപ്പുറത്തു കൊണ്ടു പോകുന്നവരിൽ ഒരാളായിരുന്നു സയ്യദ് അദിൽ ഹുസൈൻ ഷാ എന്ന മുപ്പതുകാരൻ.  പഹൽഗാമിൽ നിന്നു 15 കിലോമീറ്റർ അകലെ പിർ പഞ്ജാൾ  മലമുകളിലെ ഹാപത്‌നർ എന്ന ഗ്രാമത്തിലായിരുന്നു അദിലിന്റെ കുടിൽ. 

ഇയാൾ പഹൽഗാമിലൂടെ കുതിരയോടിച്ച് വരുമ്പോഴാണ് മതം ചോദിച്ച് സന്ദർശകരുടെ തലയിൽ വെടിവയ്ക്കുന്ന ഭീകരകാഴ്ച  കണ്ടത്. നടുങ്ങിപ്പോയ അദിൽ ഒറ്റക്കുതിപ്പിനു പാഞ്ഞെത്തി ഒരു തീവ്രവാദിയുടെ പക്കൽ നിന്നു തോക്ക് പിടിച്ചുവാങ്ങാൻ ശ്രമിച്ചു. ബലവാനായ തീവ്രവാദിയിൽ നിന്നു തോക്ക് പിടിച്ചുവാങ്ങാൻ അദിലിനു കഴിഞ്ഞില്ല. പരാജയപ്പെട്ട അദിലിന്റെ തലയ്ക്ക് നേരെ തീവ്രവാദികൾ വെടിയുതിർത്തു....

പഹൽവാദി ആക്രമണത്തിനു ശേഷം ശിന്ദെ മേഖല സന്ദർശിച്ചിരുന്നു. ആക്രമണത്തെ തുടർന്ന് മേഖലയിൽ കുടുങ്ങിപ്പോയ മറാഠികളെ തിരിച്ചെത്തിക്കാനുള്ള നടപടികൾക്കു പുറമേ, പരുക്കേറ്റ 17 പേരെയും ആശുപത്രിയിൽ സന്ദർശിച്ചു. മരിച്ചവരിൽ കേരളത്തിലെ എൻ. രാമചന്ദ്രൻ അടക്കം വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സന്ദർശകർ ഉണ്ടായിരുന്നു.
തീവ്രവാദികളിൽ നിന്നു സന്ദർശകരെ രക്ഷിക്കാൻ സ്വയം ജീവത്യാസം ചെയ്ത അദിലിന്റെ കഥ ശിന്ദെയെ ചിന്തിപ്പിച്ചു.
ശിന്ദെയും സംഘവും മലകയറി അദിലിന്റെ കുടിലിലെത്തി. 300 മുതൽ 400 സാധു കുടുംബങ്ങൾ താമസിക്കുന്ന  മേഖലയായിരുന്നു ഹാപത്‌നർ ഗ്രാമം. ഇതിലേറെയും കുതിരക്കാരും സന്ദർശകരുടെ ഗൈഡുകളുമായിരുന്നു.

കുടിലിനെ അവസ്ഥ ദയിനീയമായിരുന്നു. രക്ഷിതാക്കളും ഭാര്യയും കുട്ടികളുമടങ്ങുന്ന ദരിദ്രകുടുംബം. കുടിലിന്റെ ജീർണാവസ്ഥ കണ്ട ശിന്ദെ മനസ്സിൽ ഉറപ്പിച്ചു. ഇവർക്ക് ഒരു വീടു വച്ചു നൽകണം.
5 ലക്ഷം രൂപ സഹായധനം ചെയ്ത നൽകിയ ശിന്ദെ, ഒരു വർഷത്തിനുള്ളിൽ നിങ്ങൾക്കൊരു പുതിയ വീട് വച്ചു തരാമെന്ന് സർവരേയും സാക്ഷി നിർത്തി  ഉറപ്പ് നൽകുകയും ചെയ്തു.
ഉറപ്പ് പോലെ തന്നെ പഹൽഗാം ആക്രമണത്തിന്റെ ഒന്നാം വാർഷികമായ ഈ വർഷം ഏപ്രിൽ 22ന്, പൂമാലകൾ കൊണ്ട് അണിയിച്ചൊരുക്കിയ പുതിയ വീടിന്റെ താക്കോൽ അദിലിന്റെ കുടുംബത്തിനു കൈമാറി.

ശിവസേനയുടെ കൊടികളും ബാനറുകളുമായി ശിവസൈനികരും ഒപ്പം ഗ്രാമീണരും നിറഞ്ഞ സദസ്സിലാണ് താക്കോൽ കൈമാറിയത്. ശിവസേന നേതാവും സാമൂഹ്യക്ഷേമ മന്ത്രിയുമായ സഞ്ജയ് ശിർസാത്, ആഭ്യന്തര സഹമന്ത്രി യോഗേഷ് കദം എന്നിവർ പങ്കെടുത്തു.
അദിൽ രാജ്യത്തിന്റെ അഭിമാനമാണെന്നു വിർച്വലിലൂടെ ചടങ്ങിൽ പങ്കാളിയായ ശിന്ദെ സംതൃപ്തി പ്രകടിപ്പിച്ചു. മതത്തിന്റെ മതിൽക്കെട്ടും ഭാഷയും കുലവും നോക്കാതെ സഹജീവിയെ രക്ഷിക്കാൻ അദിൽ ചെയ്തപോരാട്ടം യുവാക്കൾക്ക് എന്നും പ്രചോദനമാണ്. അദിലിന്റെ ജീവത്യാഗം രാജ്യം ഒരിക്കലും വിസ്മരിക്കില്ല. അത് ചരിത്രത്തിൽ ഇടം പിടിക്കും- അദ്ദേഹം പറഞ്ഞു.

പഹൽഗാം വേട്ടയുടെ ഒന്നാം വാർഷികമായ അന്ന് കുടുംബാംഗങ്ങൾക്ക് വ്യഥയുടെയും അഭിമാനത്തിന്റെയും നിമിഷങ്ങളായിരുന്നു.
വോട്ട് ബാങ്കില്ലാത്ത ഒരു നാട്ടിൽ ഇത്തരമൊരു വീട് നിർമിച്ചു തരാൻ തയാറായ മഹാരാഷ്ട്ര ഉപമുഖ്യമുന്ത്രി ഏക്‌നാഥ് ശിന്ദെയുടെ വിശാലമനസ്സിനെ അദിലിന്റെ ബാപ്പ സയ്യദ് ഹൈദർ ഷാ നമിച്ചു. മകൻ അദിലിന്റെ  ജീവത്യാഗത്തിൽ ആ പിതാവ് അഭിമാനം കൊണ്ടു.
'മകൻ മരിച്ചപ്പോൾ ജീവിതം തീർന്നെന്നാണ് കരുതിയത്. എന്നാൽ, ഇത്തരം  സൽകർമങ്ങൾ  ഞങ്ങൾക്ക് കരുത്ത് പകർന്നു.   വീടു നിർമാണ സമയത്ത് പല തവണ ശിവസേന പ്രവർത്തകർ ഗ്രാമം സന്ദർശിച്ചിരുന്നു.  പുതിയൊരു വീടു മകന്റെ സ്വപ്നം ആയിരുന്നു. ആ സ്വപ്നം കൂടിയാണ് സഫലമായത്.' ബാപ്പ കണ്ണീരോടെ പറയുന്നു.

ആനന്ദ് നാഥ് സദൻ

കേവലമൊരു ശിവസൈനികൻ ആയിരുന്ന ഏക്‌നാഥ് ശിന്ദേയെ കൈപിടിച്ചുയർത്തിയത്, താനെ ജില്ലാ അടക്കിവാണ ജില്ലാ പ്രമുഖ് ആനന്ദ് ദിഘേ ആയിരുന്നു. (ഇദ്ദേഹത്തിന്റെ സേവനം നിറഞ്ഞ ജീവിതത്തെപ്പറ്റി കേരളശബ്ദത്തിൽ ഞാൻ വർഷങ്ങൾക്ക് മുൻപ് വിശദമായി എഴുതിയിരുന്നു)
അതിനു മുൻപ് താനെ നഗരത്തിൽ ഓട്ടോറിക്ഷ ഓടിച്ചു നടന്ന ശിന്ദേ, ശിവസേന പ്രവർത്തകൻ ആയതോടെ തലവരമാറുകയായിരുന്നു. ശിവസേന ഭരിക്കുന്ന താനെ മുനിസിപ്പൽ കോർപ്പറേഷനിൽ പ്രമുഖ പദവികളിൽ ശിന്ദെയെ ദിഘേ നിയോഗിച്ചു.
മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ജില്ലയായിരുന്ന (പിന്നീട് ജില്ലയെ വിഭജിച്ചു) താനെയിലെ എന്തു വിഷയവും പരിഹരിക്കാൻ 'ഉരുക്കുമുഷ്ടി'യുള്ള നേതാവായിരുന്നു ദിഘേ. അദ്ദേഹത്തിന്റെ താനെ സിറ്റിയിലെ വസതിയിൽ പുലർച്ചെ മുതൽ പാതിരവരെ ആവലാതികളുമായെത്തുന്ന ജനങ്ങളുടെ തിരക്കായിരുന്നു. ഇതിൽ മറാഠികൾക്കു പുറമേ, മറ്റ് ഭാഷക്കാരും ഉണ്ടായിരുന്നു.

ദിഘേയുടെ അതിശയകരമായ വളർച്ചയിലും  കരുത്തിലും  കാര്യശേഷിയിലും ശിവസേനയുടെ  ഹൈക്കമാൻഡ് പോലും അത്ഭുതപ്പെട്ടിരുന്നു.
അങ്ങനെ കത്തിനിന്ന സമയത്താണ്, ദിഘേ റോഡപകടത്തിൽ അന്തരിക്കുന്നത്.
ദിഘേയുടെ വലം കൈ ആയി നിന്ന ശിന്ദെ സ്വാഭാവികമായും ദിഘേയുടെ പദവിയിൽ അവരോധിക്കപ്പെടുകയായിരുന്നു.
തന്റെ വളർച്ചയിൽ ദിഘേ വഹിച്ച പങ്ക് ശിന്ദെ അന്നും ഇന്നും  സ്മരിക്കുന്നുവെന്നതാണ് മഹത്വം.
ആ സ്മരണയാണ് പഹൽഗാമിൽ നിർമിച്ചു നൽകിയ വീടിനു 'ആനന്ദ് നാഥ് സദൻ' എന്നു നാമകരണം ചെയ്യാൻ പ്രചോദനമായത്.
ശിവസേന സ്ഥാപകൻ ബാൽതാക്കറെയേയും ശിന്ദെ സ്മരിക്കുന്നുണ്ട്.  ജാതി, മതം നോക്കാതെ ആർക്കും സഹായം ചെയ്യാൻ ബാലാസാഹേബ് സദാ തയ്യാറായിരുന്നുവെന്നും ആ പാതയാണ് താൻ തുടരുന്നതെന്നും പഹൽഗാമിൽ വീട് നൽകിയ ചടങ്ങിൽ ശിന്ദെ സ്മരിച്ചിരുന്നു.
അതേസമയം, താക്കറെയുടെ മകനായ ഉദ്ധവ് താക്കറെയോട് കൂറ് കാണിച്ചില്ലെന്ന അപവാദം നിലനിൽക്കുന്നുമുണ്ട്.

ബിജെപിക്കൊപ്പം മോരും മുതിരയും പോലെ

പക്കാ ഹിന്ദുത്വവാദികളായ ബിജെപിയുമായി ഭരണം പങ്കു വയ്ക്കുമ്പോഴാണ് ശിന്ദെ, മുസ്ലിം സമുദായക്കാരന്, അതും വോട്ട് ബാങ്കില്ലാത്ത ഒരു സ്ഥലത്ത് വീട് വച്ച് നൽകിയത്.
മറ്റു ചില രാഷ്ട്രീക്കാരെ പോലെ, ശിന്ദെയ്ക്കും പഹൽഗാമിലെ വാക്ക് തെറ്റിക്കാമായിരുന്നു. എന്നാൽ അദ്ദേഹമത് ചെയ്തില്ല എന്നതിനെ തീർച്ചയായും പ്രശംസിക്കണം.
അടുത്തിടെ,  വനിതാ ബില്ലിനെ പ്രതിപക്ഷം എതിർത്തിനെതിരെ ബിജെപി മുംബയിൽ വമ്പിച്ച റാലി നടത്തിയിരുന്നു. ബിജെപി വനിതാ നേതാക്കളടക്കം വൻ ജനാവലി പങ്കെടുത്ത റാലിയിൽ സഖ്യകക്ഷിയായ ശിവസേന (എൻസിപിയും)  പങ്കെടുത്തില്ലായെന്നത് ബിജെപിയുടെ മൂക്ക് വിയർപ്പിച്ചിരുന്നു.
നെഹ്‌റുവിന്റെ കാലം മുതൽ നാരി ശക്തിയെ കോൺഗ്രസ് എതിർത്തിരുന്നതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്ൺവീസ് റാലിയെ അഭിസംബോധന ചെയ്തു ആരോപിച്ചിരുന്നു.
ബിജെപിക്ക് ഭാവിയിൽ ഗുണമുണ്ടാകുന്ന വിധത്തിൽ ലോകസഭ മണ്ഡലങ്ങൾ വർധിപ്പിച്ച ബില്ലിൽ വനിതാ സംവരണവും  ചേർത്തതുകൊണ്ടാണ് എതിർത്തതെന്നാണ് പ്രതിപക്ഷം  ആരോപിക്കുന്നത്. ഇതിനെതിരെയാണ്  ബിജെപി റാലി നടത്തിയത്. 
ബിജെപിയൊടൊപ്പമാണ് ഭരണമെങ്കിലും  ബിജെപിയുടെ എല്ലാ താളത്തിനും തുള്ളാത്ത നേതാവുകൂടിയാണ്  ഉപമുഖ്യമന്ത്രിയായ ഏക്‌നാഥ് ശിന്ദേ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img